കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ ജയരാജൻമാരുടെ ത്രിമൂർത്തി യുഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന കാലഘട്ടത്തിലുടെ സിപിഎം പാർട്ടി കടന്നു പോകുമ്പോൾ ആണ് പി പി. ദിവ്യ എന്ന പുത്തൻ താരോദയം ഉണ്ടായിരിക്കുന്നത് . ജയരാജൻ മാർക്ക് ശേഷം ഇനിയാര് എന്ന ചോദ്യം സിപിഎമ്മിനെ കുഴക്കുവാൻ തുടങ്ങിയത് പിണറായി മുഖ്യമന്ത്രിയായതിന് ശേഷമാണ്. കോടിയേരി മരിച്ചതോടെ ജയരാജസമവാക്യം പാർട്ടിയിൽ അപ്രസക്തമായി. പരസ്പരം അത്ര നല്ല ബന്ധത്തിൽ അല്ലങ്കിലും വിഭിന്ന ചിന്താസരണികളിൽ പെട്ടവരെങ്കിലും കോടിയേരിയെന്ന പൊതുസമ്മതൻ്റെ തണലിൽ കഴിഞ്ഞിരുന്ന മൂവരേയും പിണറായി രഹസ്യമായി തൻ്റെ സ്വകാര്യ സ്വത്താക്കി മാറ്റിയാണ് മുഖ്യമന്ത്രിയാകും വരെ കളികൾ നടത്തിയിരുന്നത്. മൂന്നു ജയരാജൻമാരേയും വെടക്കാക്കി തനിക്കാക്കുകയും തനിക്കായതിന് ശേഷം സ്വന്തമായി വെടക്കാകാൻ അവസരമൊരുക്കി പുകച്ച് പുറത്തുചാടിക്കുകയോ ഒതുക്കി മൂലയ്ക്കിരുത്തുകയോ ചെയ്തതോടെ പ്രായവും ആരോഗ്യവും പാർട്ടിക്ക് മുന്നിൽ ഉയരുന്ന പ്രതിസന്ധികളുടെ എണ്ണവും ജയരാജൻമാരേ തളർത്തി. അത്യാവശ്യം പൊട്ടത്തരം ഒക്കെ തട്ടി മൂളിക്കുകയും എന്ത് വിഡ്ഡിത്തം പറഞ്ഞാലും സാമ്പത്തിക കാര്യം കൈകാര്യം ചെയ്യാൻ ഇ.പി.ജയരാജൻ മിടുക്കനായിരുന്നു എന്നും അതിനായി എത് ആക്രമണങ്ങളേയും നേരിടാനും നടത്താനും കഴിയുമെന്നും ഉള്ള ബോധ്യമാണ് ഇപി യെ കൈപ്പിടിയിലാക്കാൻ പിണറായിയെ പ്രേരിപ്പിച്ചത്. അതിൽ പിണറായിയും ഇ പിയും വിജയിച്ചു. പക്ഷെ ഇപി സ്വന്തമായും ഒരു സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുകയും തിരിച്ച് പിണറായിയെ മുതലാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പൊന്നു കായ്ക്കുന്ന ഇപി യെ പുറത്തെറിഞ്ഞു. തനിക്ക് വേണ്ടിയാണ് ഇപി ചൂത് കളി തുടങ്ങിയതെങ്കിലും ഒരിക്കൽ കുടുങ്ങിയാൽ രക്ഷപ്പെടാൻ വേണ്ടി ഇപി യെ കുടുക്കേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട് ഇപിക്കുള്ള കുരുക്കുകൾ ഒക്കെ ഒരുക്കി കൈവശം സൂക്ഷിക്കാൻ പിണറായി ശ്രദ്ധിച്ചിരുന്നു. തക്ക സമയം കിട്ടിയപ്പോൾ ഇപി യെ പാർട്ടിക്കകത്തും പുറത്തും വട്ടപ്പൂജ്യം ആക്കാനും പിണറായി മറന്നില്ല. ഒടുവിൽ ഇപിയും കഴുത്തിലെ വെടിയുണ്ടയും പാർട്ടി അണികളുടെ വരെ ട്രോളായി മാറിയതോടെ ഇപി എന്ന മരം വീണു.
പാർട്ടിയുടെ മലബാർ പടയുടെ സൈനിക തലവനാക്കിയാണ് മറ്റൊരു ജയരാജനെ പിണറായി സംരക്ഷിച്ച് വളർത്തിയത്. അതാണ് പി.ജയരാജൻ. കമ്യൂണിസമെന്നാൽ തേങ്ങയും മാങ്ങയും മരച്ചീനിയും ഒക്കെയാണെന്ന് എങ്ങനെയോ തെറ്റിദ്ധരിച്ചു പോയ കോടിക്കണക്കിന് പാവങ്ങളിൽ ഒരുവനായിരുന്നു പി.ജയരാജൻ. കമ്യൂണിസമെന്നാൽ പാവങ്ങളുടെ സംരക്ഷണത്തിനും അടിസ്ഥാന വർഗ്ഗ വിമോചനത്തിനും അനീതികൾക്ക് എതിരെയുള്ള സുവിശേഷമാണെന്നും കരുതി എടുത്ത് ചാടി പോരാട്ടം തുടങ്ങിയ നിഷ്കളങ്കനായ പാവം മനുഷ്യനായിരുന്നു പി.ജയരാജൻ. കോൺഗ്രസിലായിരുന്നെങ്കിൽ വിനോബാ ഭാവയേ പോലെ ദീനസേവനവും സേവാദൾ ഭടനുമാകേണ്ടിയിരുന്ന ഒരാൾ. പക്ഷെ പിടയ്ക്കുന്ന കൗമാരകാലത്തും തിളയ്ക്കുന്ന യൗവനത്തിലും മഹത്തായതെന്ന് കരുതി താൻ സ്വയം മണ്ടനാകുന്നതറിയാതെ കമ്യൂണിസമെന്ന പുകമറയെ മഞ്ഞുമലയായി തെറ്റിദ്ധരിച്ച് സാമൂഹിക അനീതികൾ പോലെ ഒഴുകിയെത്തുന്ന ടൈറ്റാനിക്കുകൾക്ക് മുന്നിൽ നിവർന്നു നിൽകുന്ന മഞ്ഞുമലയാകാനായിരുന്നു പി യുടെ ശ്രമം. മനസ്സിരുത്തി ഒരിക്കലെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയോ മൂലധനമോ അർഥം മനസ്സിലാക്കി വായിച്ചിരുന്നെങ്കിൽ പത്തു പണ്ടേ പാർട്ടി വിട്ട് സംന്യാസം സ്വീകരിക്കേണ്ടയാളാണ് പി.ജയരാജൻ. അത്തരമൊരു പിയുടെ ആത്മാർത്ഥ പോരാട്ട വീര്യത്തെ ചൂഷണം ചെയ്ത് കായിക പോരാട്ടങ്ങളുടെ തലപ്പത്തിരുത്തി പിണറായി. സ്വന്തം ശരീരം മാത്രമല്ല വ്യക്തിത്വവും മനസാക്ഷിയും വരെ അക്രമത്തിന് ഇരയാകാനും ഉത്തരവാദിയാകാനും വച്ചു കൊടുത്ത് ഒടുവിൽ പാലിയേറ്റീവ് സേവനങ്ങളുടെ രാഷ്ട്രീയത്തിലേക്ക് ഒതുക്കപ്പെട്ടു പി. ഒടുക്കം ഗാന്ധിജിയുടെ ഖാദി തന്നെ ഉടുക്കേണ്ടി വന്നു ജയരാജനെന്ന് ഖാദി ബോർഡെന്ന ബോർഡ് വച്ച കാറിൽ കയറി നടക്കുമ്പോൾ ജയരാജൻ മനസ്സിലെങ്കിലും ഓർക്കുന്നുണ്ടാകും.
ആകെ ബാക്കിയായത് സ്വാധീനം വെട്ടിമാറ്റപ്പെട്ട കൈകളും സകല പ്രഹരങ്ങളും ഏറ്റ് വാങ്ങാൻ വിധിക്കപ്പെട്ട മനസ്സും അക്രമിയെന്ന ദുഷ്പേരും, ടി പി ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ, ഷുഹൈബ് മുതൽ കൃപേഷ് - ശരത്ത് ലാൽവരെയുള്ളവരുടെ രക്തക്കറയുടെ പേരിലുള്ള ആക്ഷേപ ശരങ്ങളും പരിഹാസവും ഭീഷണിയും ഒക്കെയാണ്. തന്നെ പറ്റിച്ച കമ്യൂണിസത്തേയും മുതലാക്കിയ കാരണഭൂതൻമാരേയും അതിജീവിക്കാൻ തൻ്റേതായ വഴികളിലൂടെ വളരാൻ ശ്രമിച്ചപ്പോഴും പി.ജയരാജനെന്ന വഴി തെറ്റി കമ്യൂണിസ്റ്റാകേണ്ടി വന്ന ഗതി കെട്ട മനുഷ്യ ജന്മത്തെ കമ്യൂണിസമെന്ന എടുക്കാച്ചരക്കിൻ്റെ അവസാനത്തെ കോർപ്പറേറ്റ് മുതലാളിയും സംഘവും മൂലയ്ക്കാക്കി. ചവിട്ടിയൊതുക്കി. ഒന്ന് രക്ഷപ്പെടാൻ നടത്തുന്ന അവസാന ശ്രമമായി ഒരു പുസ്തകമെഴുതി, അതിൽ പിടിച്ചു കയറാനാണ് പുതിയ ശ്രമം. ഇല്ല, രക്ഷപ്പെടില്ല എന്ന് കാരൺ ഭൂത് ഉറപ്പാക്കിയിട്ടുണ്ട്. മറിച്ച് സംഭവിക്കണമെങ്കിൽ കാരൺ ഭൂത് എവിടെങ്കിലും കുരുങ്ങണം. അതിനത്ര സാധ്യതയില്ല. പാവം പി.'
മൂന്നാം ജയരാജൻ എം.വി.യാണ്. പിയെ പോലെ തന്നെ കമ്യൂണിസമെന്ന മണ്ടത്തരുത്ത പഠിക്കാതെ നേതാവാകാൻ കിട്ടിയ ചാൻസിൽ കയറി വന്ന ഒരു എടുത്തു ചാട്ടക്കാരൻ . പറയാനും കുതിക്കാനും തിരക്കാണ്. കേട്ടപാതി കേൾക്കാത്ത പാതി ഒറ്റച്ചാട്ടമാണ്. കയ്യിലുള്ള ഇസം എന്തോ മഹത്തായ ഇലുമാപ്പഴമാണെന്ന് ആരോ പറഞ്ഞു കേട്ടതല്ലാതെ മനസിരുത്തി പഠിക്കാൻ പറ്റാതെ പോയതിനാൽ എന്ത് വിഡ്ഡിത്വം പറഞ്ഞും ഇസത്തെ രക്ഷിക്കാൻ കഷ്ടപ്പെടേണ്ടി വരുന്ന, വിതുമ്പി തിളയ്ക്കേണ്ടി വരുന്ന പാവമൊരാടാണ് എം.വി. എന്ത് പ്രശ്നം ഉണ്ടായാലും ഞാനങ്ങു ചെന്നിട്ടവനെന്നെയെടുത്ത് നിലത്തടിച്ചു എന്ന് പറയും വിധം പരിഹസിക്കപ്പെടാൻ പാർട്ടി വളർത്തിയ നേതാവ്. പുകമറകൾക്ക് മറവിൽ കെട്ടിപ്പൊക്കുന്ന കോർപ്പറേറ്റ് മുതലാളിത്ത കാരണഭൂതന് രക്ഷപ്പെടാൻ ഇടയ്ക്ക് ചിരിക്കേണ്ടതുണ്ട്. ആ ചിരിയൊരുക്കാൻ നിയോഗിക്കപ്പെട്ടയാളാണ് എം.വി. അതിനൊക്കെയുള്ള പ്രതിഫലമായിരുന്നു അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ്. പക്ഷെ പൊട്ടൽ ഒരു മലയിടിച്ചിൽ പോലെ ഭീകരമായിരുന്നു. പക്ഷെ അതോടെ കാരണഭൂതൻ കടപ്പാട് തീർത്ത് എം.വി.യെ കൈ ഒഴിഞ്ഞു. ആ തിരിച്ചറിവ് നേരത്തേ തന്നെ ഉണ്ടായി തുടങ്ങിയതായി കാരണഭൂതനും തോന്നിയതിനാൽ ഇനി ഇതു പോലെ മൂന്നെണ്ണത്തെ ഒന്നിച്ചു കിട്ടില്ല എന്നതിൽ സങ്കടപ്പെട്ടിരിന്ന കാരണഭൂതനും പാർട്ടിക്കും കിട്ടിയ മുത്താണ് പി.പി.ദിവ്യ.
എന്താണ് പി.പി. ദിവ്യയുടെ സാധ്യത എന്ന് കാരണഭൂതൻ മനസ്സിലാക്കിക്കഴിഞ്ഞു എന്നതിൻ്റെ തെളിവാണ് നവീൻ ബാബുവിനെ അവഹേളിച്ച് മരണത്തിന് വിട്ടുകൊടുത്ത ശേഷം 15 ദിവസം നിയമത്തെ നോക്കുകുത്തിയാക്കി നിർത്തി, പൊലീസ് കാവലിൽ നാട്ടുകാരുടെ മുന്നിൽ 'പരസ്യമായി ' 'ഒളിവിൽ' കഴിഞ്ഞതിലൂടെയും പുഛ ഭാവത്തോടെ മജിസ്ട്രേറ്റിന് മുന്നിലൂടെ പോകാനും ദിവ്യക്ക് സാധിച്ചതിലൂടെയും പ്രകടമായത്. ജയിലിൽ പോകാതെ ശക്തി തെളിയിക്കാനായിരുന്നു ശ്രമം. പക്ഷെ മുൻകൂർ ജാമ്യം ലഭ്യമാക്കാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഇനി നിയമവാഴ്ചയ്ക്ക് ക്രെഡിറ്റിരിക്കട്ടെ എന്ന് കരുതിയാണ് കീഴടങ്ങൽ കോമഡി സ്കിറ്റ് നടത്തിയത്. കേരള പൊലീസിനെ, പ്രത്യേകിച്ച് കണ്ണൂർ പൊലീസ് സേനയെ ഇത്രയേറെ കോമാളികളാക്കി പൊതു ജനത്തിന് മുന്നിൽ നിർത്താൻ സാക്ഷാൽ ജയരാജൻ മാർക്ക് പോലും സാധിച്ചിരുന്നില്ല! അപ്പോൾ 15 ദിവസം പൊലീസിനെ ചാർലി ചാപ്ലിൻ സിനിമ പോലെയാക്കിയ ദിവ്യ പാർട്ടിയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ നേതാവാകാൻ പരമ യോഗ്യയാണ്. ജയിലിൽ നിന്ന് ഇറക്കാൻ വമ്പൻ അഭിഭാഷക പട, അതിന് പണം എത്ര വേണേലും പൊടിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എല്ലാമുള്ള ദിവ്യയ്ക്ക് പുറത്തിറങ്ങുമ്പോൾ മികച്ച സ്വീകരണമാകും ലഭിക്കുക. കാരണം അത്രയ്ക്ക് അനുഗ്രഹിക്കപ്പെട്ട സ്ത്രീരത്നമായി ദിവ്യ മാറും. ഒരു പക്ഷേ പാർട്ടിയുടെ അടുത്ത ജില്ലാ സെക്രട്ടറിയായി ദിവ്യയെ വാഴിച്ചേക്കാവുന്ന കാലം അതിവിദൂരമല്ല എന്നു വേണമെങ്കിലും പറയാം.
ദിവ്യയെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് കൊണ്ടുവരാൻ വളർത്തിക്കൊണ്ടു വന്നതാണ്. ഒരു നിമിഷത്തെ സിനിമാ സ്റ്റൈൽ മാസ് പെർഫോർമൻസിന് ശ്രമിച്ചെങ്കിലും അതിന് തിരഞ്ഞെടുത്ത വില്ലൻ യോജിച്ചതായിരുന്നില്ല എന്നതാണ് പടം പൊട്ടാൻ കാരണമായത്. അഴിമതിക്കെതിരെ കടുത്ത നിലപാടും ധീരമായ മുന്നേറ്റവും നടത്തുന്ന ധീരവനിതയുടെ മുഖം എന്ന് വാഴ്ത്തിപ്പാടി കമ്യൂണിസത്തിൻ്റെയും സി പി എമ്മിൻ്റയും നായികയാക്കി സ്വയം പ്രതിഷ്ഠിക്കാനും പാർട്ടിയിലെ കോന്ത പടയെ കൊണ്ട് വാഴ്ത്തിപ്പാടിപ്പിക്കാനും ഉദ്ദേശിച്ചാണ് സീനെഴുതി ഷോട്ട് റെഡിയാക്കിയത്. ദുർബലമായ തിരക്കഥയാണ് പ്രശ്നമായത്. ക്യാമറമാനും ആങ്കിളുകളും കറക്ടായിരുന്നു. സെറ്റും കൃത്യമായിരുന്നു. കലക്ടർ മുതൽ സ്വീപ്പർ വരെയുള്ള ഉദ്യോഗസ്ഥർ മാത്രമുള്ള സീനായിരുന്നു. അഴിമതിക്കെതിരെ മാസ് ഡയലോഗടിക്കാൻ പറ്റിയ രംഗം. നായിക പ്രത്യേക സ്പീഡിൽ പ്രത്യേക ആങ്കിളിൽ പ്രത്യേക മുഖഭാവത്തോടെ സീനിലേക്കെത്തുന്നു. ഉദ്യോഗസ്ഥ പ്രഭുക്കൾ ജനാധിപത്യ ധീരവനിതയുടെ സഭാ പ്രവേശനത്തിൽ അത്ഭുതവും ആവേശവും ബഹുമാനവും ഉൾക്കൊണ്ട് ആദരപൂർവ്വം ചാടി എണീറ്റ് നിന്ന് സ്വീകരിക്കുന്നു. വേദിയിലേക്ക് സഗൗരവത്തോടെയും നിശ്ചയദാർഢ്യം സ്പുരിക്കുന്ന മുഖത്തോടെയും ചുണ്ടിൽ പുഛം കലർന്ന പുഞ്ചിരിയോടെയും ഒരു പോരാളിയുടെ ചടുലതയോടെ പ്രവേശിച്ച ധീര നായിക ഉപവിഷ്ടയാകുന്നു. അടുത്ത അവസരത്തിൽ മൈക്ക് സ്വയം ഓണാക്കി, താൻ പെട്ടെന്ന് രംഗപ്രവേശം ചെയ്യാനുള്ള കാരണം ആരാധകരെ രണ്ട് വാക്കിൽ ബോധ്യപ്പെടുത്തി. പിന്നെ ലളിതമായ രീതിയിൽ, ഗൗരവം ഒട്ടും ചോരാതെ, ബൂർഷാസികളായ ബ്യൂറോക്രാറ്റിക്ക് പരിഷകളിൽ ഒരാളെ പൊതു സമൂഹത്തിന് മുന്നിൽ വച്ച് വിചാരണ ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട ജനനായികയാണ് എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കും വിധത്തിൽ മികച്ച ഡയലോഗ് പ്രസൻ്റേഷൻ. വില്ലൻ മനസ്താപം തോന്നുകയും ചുറ്റുമുള്ള കഥാപാത്രങ്ങളിൽ പോലും ചലനം സൃഷ്ടിക്കുകയും കാഴ്ചക്കാരിൽ ആവേശം വർധിപ്പിക്കുകയും ചെയ്യന്ന വിധം ചിട്ടപ്പെടുത്തിയ വാക്കുകൾ ആയിരുന്നു. സാധാരണക്കാരായ ജനങ്ങൾ, അവരുടെ അതിജീവനത്തിനുള്ള പോരാട്ടങ്ങളും കഷ്ടപ്പാടുകളും അവരുടെ നീറുന്ന പ്രശ്നങ്ങളും ജീവിതവും അത് വിവരിച്ച ഫയലുകളും അവയോട് ക്രൂരൻമാരായ അധികാര വർഗ്ഗത്തിൻ്റെ ഉപകരണങ്ങളായ ബ്യൂറോക്രാറ്റിക് ഉദ്യോഗസ്ഥ പരിഷകൾ കാണിക്കുന്ന വിവേചനം, ഇനിയെങ്കിലും നന്നാകണമെന്ന ഉപദേശം സാധാരക്കാരുടെ അവകാശ പ്രഖ്യാപനം എന്നിവയൊക്കെ ഗംഭീരമായി ദിവ്യ പ്രസൻ്റ് ചെയ്തു. ഒടുക്കം ഉദ്യോഗസ്ഥ അഴിമതികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിൻ്റെ പ്രതീകമായി സ്വയം മാറി, അയോഗ്യൻ മാർക്ക് ആദരവും' പുരസ്കാരങ്ങളും നൽകുന്ന വ്യവസ്ഥിതിയോടുള്ള അവജ്ഞ ദ്യോതിപ്പിക്കുന്ന പഞ്ച് ഡയലോഗും കാച്ചി ആവേശത്തോടെ ലക്ഷ്യബോധത്തോടെ വേദിയിൽ നിന്ന് ചാടിയിറങ്ങി കൊടുങ്കാറ്റുപോലെ പുറത്തേ ജനസഞ്ചയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ധീര നായികയായിരുന്നു സീനിലെ ദിവ്യ. സംവിധായകൻ മറ്റെവിടെയോ ഇരുന്ന് ആക്ഷൻ പറഞ്ഞിരുന്നു. ക്യാമറമാൻ കൃത്യമായി ഷൂട്ട് ചെയ്തു. ഒറ്റ ടേക്കിൽ തന്നെ എൻട്രിയും ഡയലോഗ് പ്രസൻ്റേഷനും നടത്തി ലെൻസ് ഇൻഫിനിറ്റിലേക്ക് ഫോക്കസ് ചെയ്ത് കട്ട് പറഞ്ഞു. അന്ന് രാത്രി തന്നെ ഒടിടി യിൽ റിലീസും ചെയ്തു. ജീവൻ തുടിക്കുന്നതും ജീവിതം ത്രസിപ്പിക്കുന്നതുമായ സീനായിരുന്നതിനാൽ യഥാർത്ഥ ശബ്ദത്തിൽ തന്നെ തത്സമയ ഡബ്ബിങ്ങ് നടത്തുകയും ക്രിത്രിമത്വം ഫീൽ ചെയ്യാതിരിക്കാൻ ബിജിഎം ഒഴിവാക്കുകയും ചെയ്തത് പ്രേക്ഷകർക്ക് ഫീൽ ചെയ്യാൻ വഴിതെളിച്ചു. പക്ഷെ. ആ സീൻ കഴിഞ്ഞതോടെ കഥയിൽ ട്വിസ്റ്റ് വന്നു. കാഴ്ചക്കാർ വില്ലൻ എന്ന് കരുതുമായിരുന്ന വില്ലൻ പെട്ടെന്ന് ജീവിത നായകനായി. മെഗാ ഹീറോ ആയി. നായിക അടുത്ത സീനിൽ അവിഞ്ഞു. പിന്നെ അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. കാരണം അൽപ്പം വില്ലത്തരം കൂടുതലുള്ള നായികാനായകസങ്കൽപ്പങ്ങളുടെ സീസണും ജനറേഷനുമാണല്ലോ ഇത്. !
അവിടെയാണ് കാരണഭൂതനും നിർമാതാക്കളും ഇനി വിത്തിറക്കുക. അധികം വൈകാതെ പി ആർ ടീം പണി തുടങ്ങും. ദിവ്യ പറഞ്ഞതിലും കാര്യമുണ്ടോ എന്ന് പരിശോധിക്കാം എന്ന ഡയലോഗിനെ മാർക്കറ്റ് ചെയ്താകും തുടക്കം. നമുക്ക് ദിവ്യ പറയുന്നതും ഒന്ന് കേൾക്കാം എന്ന പരസ്യവാചകം പിന്നാലെയെത്തും. പിന്നെ വെളിപ്പെടുത്തലുകൾ എന്ന സ്റ്റിക്കർ പതിപ്പിച്ച് പല വീക്ഷണകോണുകളിലൂടെ ദിവ്യയെ അവലോകനം ചെയ്യുന്നതിൻ്റെ പ്രചാരണ ഘോഷയാത്രകൾ എത്തും.
തുടർന്ന് പാർട്ടിക്ക് വേണ്ടി, അഴിമതികൾക്കെതിരെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവും പ്രാപ്തിയും ആദർശവും ഉള്ള മഹിളാരത്നമാണ് ദിവ്യ എന്ന പ്രഖ്യാപനം വരും. ഉദ്യോഗസ്ഥ അഴിമതി എന്നാണ് ആകെ ഉദ്ദേശിച്ചത്, നവീൻ ബാബു അതെ, തന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് തെറ്റിദ്ധരിച്ച് എടുത്ത് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന 'വിശദീകരണത്തിൽ എത്തിക്കാൻ പി.ആർ.ടീമിനായാൽ ദിവ്യ അധികം വൈകാതെ പാർട്ടിയുടെ ബ്രൻഡ് അംബാസഡറായി മാറും. പാർട്ടിയിലും ഭരണത്തിലും സ്ഥാനങ്ങൾ നൽകും. കുടുംബശ്രീ, അയൽകൂട്ടം എന്നിവയിലെ പാവം അമ്മ പെങ്ങൻമാരിൽ അയ്യോ പാവം ദിവ്യ എന്ന പ്രതീതി ജനിപ്പിക്കും. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ നടപ്പിലാക്കിയ പദ്ധതികളൊക്കെ ദിവ്യയുടെ ദിവ്യവെളിപാടുകളിലൂടെ ഉണ്ടായതാണെന്ന കൊട്ടിഘോഷിക്കലും നടത്തും. പാർട്ടിയിലെ യുവകോമളൻ മാർ ദിവ്യയ്ക്ക് പിന്നിൽ അണിനിരക്കും. കുടുംബശ്രീ കൂടി ചേരുന്നതോടെ ദിവ്യ വിശുദ്ധയാക്കപ്പെടും. പാർട്ടിക്കുവേണ്ടി ജയിൽ വാസവും പീഢനങ്ങളും ഏറ്റ ത്യാഗ സുരഭിലമായ, നിർമലയും ധീരയും പോരാളിയുമായ ദിവ്യ എന്ന് പാർട്ടി ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടും........
എത്ര മനോഹരമായ ദിവസങ്ങളാണ് ഇനി കണ്ണൂരി നായി, കേരളത്തിനായി, സമത്വസുന്ദരലോകത്തിനായി ഉദിക്കാൻ പോകുന്നത് !
വരും നാളുകളിൽ ഇതൊക്കെ സംഭവിക്കാം. അപ്പോൾ അണികൾ ഓർക്കേണ്ട ഒരു കാര്യം കാരണഭൂതൻ്റെ ആ ഡയലോഗാണ് - നിങ്ങൾക്കീ, പാർട്ടിയെക്കുറിച്ച്, ഒരു ചുക്കെന്നും അറിയില്ല കേട്ടോ - എന്ന ഡയലോഗ്. കാരണഭൂതനറിയാം മാർക്കറ്റിങ്. കമ്യൂണിസമെന്തെന്നറിയാത്ത, അതൊരു അപ്രായോഗിക മാനസിക വിഭ്രാന്തി മാത്രമാണെന്ന് തിരിച്ചറിയാത്ത, മറ്റുള്ളവരുടെ മേൽ ആക്രമണപരമായ അധികാരം പ്രയോഗിക്കാൻ ലഹരിപിടിച്ചു നടക്കുന്ന വിഡ്ഡികൾ കേരളത്തിൽ ഉള്ളിടത്തോളം കാലം, അവർക്ക് അവരെ മുതലാക്കുന്ന തങ്ങളെ തിരിച്ചറിയാൻ കഴിയില്ലെന്ന് കാരണഭൂത കൂട്ടത്തിനറിയാം. അതു കൊണ്ട് ഒരു ചുക്കും തങ്ങൾക്ക് സംഭവിക്കില്ല എന്ന ഉറപ്പാണ് കാരണഭൂതൻ.
What are the future prospects of PP Divya? Is the Divya era coming in CPM?